ഇസ്ലാമിക രാഷ്ട്രീയ ചിന്തയെ കുറിച്ചുളള പൊതു വർത്തമാനങ്ങൾ ക്ലാസിക്കൽ കാലഘട്ടത്തിൽ അവസാനിക്കുന്നവയാണ്. ഇബ്നു തൈമിയ്യക്കും വളരെ മുമ്പ്, ഇമാം ഗസ്സാലിയെ പോലുളളവർ വിശദീകരിച്ച രാഷ്ട്രീയ മാതൃകകൾക്കപ്പുറം സുന്നീ ലോകത്ത് മറ്റൊരു വീക്ഷണവും ഉയർന്നുവന്നതായ് അധികം പഠനങ്ങളില്ല. ഖിലാഫത്തിനെ പുനർ നിർവ്വചിച്ചു കൊണ്ട് ഇമാം ഇബ്നു തൈമിയ്യയുടെ ഇടപെടൽ വിശദീകരിക്കുന്ന ഒവാമിർ അഞ്ചുമിന്റെ “തൈമിയ്യൻ സന്ദർഭം” എന്ന കൃതി ഇത്തരത്തിലുള്ള ഒരപൂർവ്വ ഗ്രന്ഥമാണ്.
വടക്കേ ഇന്ത്യയിൽ വേരുള്ള ഒവാമിർ അഞ്ചും എന്ന പാകിസ്ഥാനി-അമേരിക്കൻ സ്കോളർ ടൊലീഡോ യൂണിവേഴ്സിറ്റിയിലെ (ഒഹായോ, യു.എസ്.) ഫിലോസഫി & റിലീജ്യസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിൽ ഇസ്ലാമിക് സ്റ്റഡീസിന്റെ ഇമാം ഖത്താബ് എൻഡോവ്ഡ് ചെയർ ആയി സേവനമനുഷ്ടിക്കുന്നു. കറാച്ചിയിലാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസവും പതിനെട്ടാം വയസ്സിൽ അമേരിക്കയിലേക്ക് പോകുന്നത് വരെ ജീവിച്ചതും സൗദിയിലാണ്. ന്യൂക്ലിയർ ഫിസിക്സിൽ ബിരുദമുളള അദ്ദേഹത്തിന് സോഷ്യൽ സയൻസിലും (ചിക്കാഗോ യൂനിവേഴ്സിറ്റിയിൽ നിന്ന്) കമ്പ്യൂട്ടർ സയൻസിലും (വിസ് കോൻസിൻ യൂനിവേഴ്സിറ്റിയിൽ നിന്ന്) മാസ്റ്റേഴ്സ് ഡിഗ്രിയുണ്ട്. വിസ്കോൻസിൻ യൂനിവേഴ്സിറ്റിയിൽ നിന്നാണ് പി.എച്ച്.ഡി. അദ്ദേഹത്തിന്റെ തിസീസ് 2012 ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പുസ്തകമാക്കി. അതാണ് “തൈമിയൻ മൊമന്റ്”.
ഇസ്ലാമിൽ മതവും രാഷ്രീയവും തമ്മിലുളള ബന്ധത്തെ സൈദ്ധാന്തികമായ് വിശകലനം ചെയ്യാൻ “രാഷ്ട്രീയം” എന്ന ആശയത്തെ അപനിർമാണം നടത്തി, ഇസ്ലാമിക പാരമ്പര്യത്തിന്റെ മൗലികമായ സംവാദങ്ങളുമായും പ്രശ്നങ്ങളുമായും അതിനെ ഒത്തുനോക്കുകയാണ് തൈമിയ്യൻ സന്ദർഭത്തിൽ അഞ്ചും ചെയ്യുന്നത്. ഇസ്ലാമിൽ രാഷ്ട്രീയ ജീവിതവുമായ് ബന്ധപ്പെട്ട് നിലനിൽക്കുന്ന രണ്ട് മാതൃകകൾ – സച്ചരിതനായ ഒരു ഖലീഫക്ക് കീഴിലുള്ള ഏകീകൃതമായ മത-രാഷ്ട്രീയ ജീവിതവും രാഷ്ട്രീയ മുക്തമായ ആത്മീയ ജീവിതവും – തമ്മിലുള്ള ഇന്ററാക്ഷൻ ആണ് ഈ പഠനത്തിൽ അദ്ദേഹം അന്വേഷിക്കുന്നത്. വിശിഷ്യാ, ക്ലാസിക്കൽ കാലഘട്ടത്തിൽ(ഹിജ്റ നാലാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെയുളള ഘട്ടം) രാഷ്ട്രീയ മണ്ഡലം അപ്രത്യക്ഷമാകുന്നതിലേക്ക് നയിച്ച പരിവർത്തനങ്ങളിലേക്ക് വെളിച്ചം വീശുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഇസ്ലാമിക ചരിത്രത്തിൽ “പൊളിറ്റിക്കൽ” എന്നതിന്റെ ആശയമണ്ഡലം നിർവചിച്ചു കൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. ഇസലാമിക പണ്ഡിതർ ഏതൊരു “ഡിസ്കേർസീവ് ട്രഡീഷനി”ലാണോ ഭാഗവാക്കാവുന്നത് ആ ട്രഡീഷനെയാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്.
ക്ലാസിക്കൽ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആശയങ്ങളെ ചോദ്യം ചെയ്തു കൊണ്ട് മുകളിൽ പറഞ്ഞ വിരുദ്ധമായ രണ്ട് രാഷ്ട്രീയ ജീവിത മാതൃകകളെ ഭാഗികമായ് സമന്വയിപ്പിച്ച വിഖ്യാത പണ്ഡിതൻ ഇബ്നു തൈമിയ്യയുടെ ഇടപെടലാണ് ഈ പഠനത്തിന്റെ പ്രധാന ഊന്നൽ. ക്ലാസിക്കൽ കാലഘട്ടത്തിലെ ഇൽമുൽ കലാമിന്റെയും ഫിഖ്ഹിന്റെയും അതേ പോലെ രാഷ്ട്രീയത്തിന്റെയും പാരമ്പര്യത്തിനെതിരെ ഇബ്നു തൈമിയ്യ ഉയർത്തിയ വിമർശനങ്ങളിലൂടെ ഇസ്ലാമിക രാഷ്ട്രീയ ചിന്തയെ പുതിയ ഒരു രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥം.
“തൈമിയ്യൻ മൊമന്റ്” സംക്ഷിപ്തമായ് വിവർത്തനം ചെയ്ത് മലയാള വായനക്കാരിൽ എത്തിക്കുന്നതിൽ ഞങ്ങൾക്ക് അനൽപമായ സന്തോഷമുണ്ട്. വിവർത്തനത്തിന്റെ പ്രഥമ ഡ്രാഫ്റ്റ് തന്നെ പ്രസിദ്ധപ്പെടുത്തുകയാണ്. ലഭിക്കുന്ന ഫീഡ്ബാക്കും നിർദ്ദേശങ്ങളും പ്രയോജനപ്പെടുത്തി ഇതിനെ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. അതിനാൽ, ഓരോ ഭാഗവും വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങളെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ ഉദ്യമത്തെ പരമകാരുണികൻ സ്വീകരിക്കുമാറാകട്ടെ!
Original Title:
Politics, Law and Community in Islamic Thought: The Taymiyyan Moment.
സംക്ഷിപ്ത വിവർത്തനം :
നസീഫ് എം.കെ. (Research Scholar, IIT-Madras)
പ്രസിദ്ധീകരിക്കുന്ന ഓരോ ഭാഗത്തിൻ്റെയും E-Book/Web Page നിങ്ങൾക്ക് തത്സമയം വാട്സ്ആപ്പിലും ഇ-മെയിലിലും ലഭിക്കാൻ താഴെ നൽകിയ Subscription Form പൂരിപ്പിച്ച് അയക്കുക