രാഷ്ട്രീയം, നിയമം, സമുദായം എന്നിവ ഇസ്‌ലാമിക ചിന്തയില്‍: തൈമിയ്യന്‍ സന്ദര്‍ഭം


മുഖവുര

ഉലമാക്കളുടെ വ്യത്യസ്തവും, പലപ്പോഴും പരസ്പരം പോരടിക്കുന്നതുമായ നിലപാടുകളിലേക്കും അത്തരം ചരിത്രത്തിലേക്കും സമകാലിക സംഭവങ്ങളിലേക്കും വിരൽചൂണ്ടിക്കൊണ്ടാണ് ഈ പുസ്തകം മുന്നോട്ടു പോവുന്നത്. ജനങ്ങളുടെ/ വിശ്വാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച്  മുന്നിൽ നടക്കാൻ കാലങ്ങളായി ഉലമാക്കൾ തയ്യാറായിട്ടുണ്ട്. ആധുനിക കാലത്തും സ്ഥിതി വ്യത്യസ്തമല്ല. അതേസമയം, ക്ലാസ്സിക്കൽ കാലഘട്ടം(ഹിജ്റ നാലാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടം) തൊട്ട് ഇസ്ലാമിക ധൈഷണിക തലത്തിലെ മുൻകൈയുള്ള ധാര അധികാര ഘടനകളോട് ശാന്തശീലതയുടെയും ഒരു തരം അരാഷ്ട്രീയവും വിട്ടുവീഴ്ചയുടേതുമായ നിലപാടാണ് തത്വത്തിലെങ്കിലും സ്വീകരിച്ചിട്ടുള്ളത് എന്ന് അൻജൂം  അഭിപ്രായപ്പെടുന്നു. അതോടൊപ്പം പ്രധാനമായ ഒരു അനുമാനവും തുടക്കത്തിൽ തന്നെ പ്രതിപാദിക്കുന്നുണ്ട്. “ചരിത്രത്തിൽ ഉലമാക്കളുടെ അധികാര ഘടനകളുമായുള്ള ഇടപെടലുകൾക്ക് പഞ്ഞമില്ല, പക്ഷെ, ഇസ്ലാമിക ചിന്താ മണ്ഡലത്തിൽ അധികാരത്തെ (Power) സൈദ്ധാന്തികവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് കുറവുണ്ട്.” സാമൂഹിക/രാഷ്ട്രീയ നീതി എന്ന സങ്കൽപത്തോട് അല്ലെങ്കിൽ അത്തരത്തിലുള്ള ശ്രമങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്നത് ശരിയോ തെറ്റോ എന്നതിനപ്പുറം, ഇത്തരം പ്രതികരണങ്ങളുടെ വേരുകൾ സാധാരണ ചെന്നെത്തുന്നത് സുന്നികൾക്കിടയിലെ മുൻകൈയുള്ള പാരമ്പര്യത്തിലാണ് എന്നതാണ് ഗ്രന്ഥകാരന്റെ പ്രധാന ഊന്നലുകളിലൊന്ന്. ഇതോടൊപ്പം തന്നെ ആധുനിക കാലത്ത് നിലനിൽക്കുന്ന “ഇസ്ലാമിന്റെ രാഷ്ട്രീയവത്കരണം” എന്നതിനെയും അദ്ദേഹം തുടക്കത്തിൽ തന്നെ പുനർവിചിന്തനം നടത്തുന്നുണ്ട്. ഇസ്ലാമിന്റെ രാഷ്ട്രീയവൽക്കരണം എന്നതിനേക്കാൾ, എങ്ങനെയാണ് ഇസ്ലാം അരാഷ്‌ട്രീയവത്കരിക്കപ്പെട്ടത് എന്നതാവണം ഒരു ചരിത്രകാരന്റെ അന്വേഷണം എന്ന് തുടക്കത്തിൽ തന്നെ പറഞ്ഞു വെക്കുന്നു.


ആമുഖം

ഇസ്ലാമിക നാഗരികതയെക്കുറിച്ച്‌ അക്കാദമിക തലത്തിൽ നിലനിൽക്കുന്ന രണ്ട് വീക്ഷണങ്ങൾ ഈയൊരു പഠനത്തിൽ പ്രധാനമാണ്.

ഇസ്ലാമിക നാഗരികതയിൽ നിയമത്തിന്റെ അപ്രമാദിത്വത്തെക്കുറിച്ചും അത്തരമൊരു വിജയത്തെക്കുറിച്ചുമുള്ളതാണ് ഒന്നാമത്തെ ധാരണ. കെട്ടുറപ്പും സ്ഥിരതയുമുള്ള രാഷ്ട്രീയ സംവിധാനങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ ഇസ്ലാമിക രാഷ്ട്രീയം പരാജയപ്പെട്ടു എന്ന വീക്ഷണമാണ് രണ്ടാമത്തേത്. ഇത്തരം വാദങ്ങളുടെ പരിമിതികൾ പഠനം മുന്നോട്ടുപോകുന്തോറും ഗ്രന്ഥകാരൻ കൈകാര്യം ചെയ്യുന്നുണ്ട്.

ഫുഖഹാക്കളും ശരീഅത്തിന്റെ സംരക്ഷകരും ആയിരുന്നു ക്ലാസ്സിക്കൽ കാലഘട്ടത്തിൽ അഥവാ ആദ്യകാല മധ്യകാലഘട്ടത്തിൽ (ഹിജ്റ നാല് മുതൽ ഏഴ് വരെയുള്ള നൂറ്റാണ്ടുകളിൽ) ഉലമാക്കൾ. രാഷ്ട്രീയ ഇടപെടലുകൾ എന്നതിനെ മതപരതയെ കളങ്കപ്പെടുത്തുന്ന ഒന്ന് എന്ന നിലയിലാണ് മധ്യകാലഘട്ടത്തിൽ മുൻകൈയുള്ള ധാരകൾ കണ്ടത്. ഈയൊരു അകലം പാലിക്കലിനെ അല്ലെങ്കിൽ വിട്ടു നിൽക്കലിനെ ആഘോഷമാക്കുന്ന തരത്തിൽ ഉപയോഗിക്കപ്പെട്ട ഒരു “മുദ്രവാക്യം” ആയിരുന്നു ഇമാം ഗസാലിയുടെ ഇഹ്‌യായിലെ വാക്കുകൾ. “അധികാരികളുടെ പിന്നാലെ പോകുന്നവരാണ് ഉലമാക്കളിൽ എറ്റവും അധഃപതിച്ചവർ,  ഉലമാക്കളെ അന്വേഷിക്കുന്നവരാണ് അധികാരികളിൽ മഹാന്മാർ.” ഭൗതിക വിരക്തിയാൽ ലൗകിക ഇടപാടുകളിൽ നിന്നകലുന്ന വിശുദ്ധ പണ്ഡിതരെയും, ദുനിയാവിലെ രാഷ്ട്രീയ ഇടപാടുകളിൽ കുടുങ്ങി അത്തരമൊരു ആത്മീയ തലത്തിലേക്കെത്താൻ കഴിയാതെ പോവുന്ന ഭരണാധികാരിയെയും കുറിച്ച ഒരു സങ്കൽപം ഇത്‌ മുന്നോട്ടുവെക്കുന്നുണ്ട്.

മുസ്ലിം സമൂഹത്തിലെ രാഷ്ട്രീയ ഘടനകളെക്കുറിച്ച് വായിക്കപ്പെടുന്ന ഒരു പഠനം റോയ് മുത്തഹിദയുടേതാണ്. അധികാര ഘടനയുടെ ജീർണത കാലക്രമേണ മിലിറ്ററി ഭരണക്രമം എന്നതിലേക്കെത്തിച്ചുവെന്നും ഇറാഖിലെ ബൂവായിദ് രാജവംശം (Buiyids empire) ഇത്തരത്തിലൊന്നായിരുന്നു എന്നും റോയ് മുത്തഹിദ നിരീക്ഷിക്കുന്നുണ്ട്. അധികാര സംവിധാനങ്ങൾ കളങ്കിതരായ ആളുകളുടെ കൈകളിൽ എത്തിയതും ഭരണകൂടങ്ങളുടെ ദുർബലതയും അക്കാലത്തെ മുസ്ലിം സമൂഹത്തെ അധികാര വ്യവസ്ഥയുടെ താങ്ങലുകളില്ലാതെ സ്വന്തം കാലിൽ നിൽക്കുന്നതിനെപ്പറ്റിയുള്ള ചിന്തകളിലേക്കും അത്തരം സാധ്യതകളിലേക്കും നയിച്ചു എന്നും മുത്തഹിദ അഭിപ്രായപ്പെട്ടു. ഇത്തരം പുതിയ സംവിധാനങ്ങൾ/ സാധ്യതകൾ ആഗോള ഇസ്ലാമിക ഖിലാഫത്ത് എന്ന സങ്കല്പത്തെ അനുവദിച്ചു കൊടുത്ത് കൊണ്ടുതന്നെ  ഭരണകൂടത്തിന്റെ പല ഉത്തരവാദിത്വങ്ങളും പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തി. രാഷ്ട്രീയ സംവിധാനങ്ങളുടെ പിൻബലത്തേക്കാൾ സാമൂഹിക കൂട്ടായ്മയുടെ കരുത്തിലൂടെയാണ് ഈ സമൂഹങ്ങൾ നിലനിന്നത്. കേന്ദ്ര ഭരണകൂടങ്ങൾ നിരന്തരമായി മാറിയെങ്കിലും, സാമൂഹിക ഭദ്രതക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കാനും, താരതമ്യേന സുരക്ഷിതമായി ഈ സമൂഹങ്ങൾക്ക് നിലനിൽക്കാനും കഴിഞ്ഞത് ആത്യന്തികമായി രാഷ്ട്രീയ സംവിധാനങ്ങൾക്ക് അടിമപ്പെടാത്ത, തങ്ങളുടേതായ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന വിഭവങ്ങൾ ഈ കൂട്ടായ്മ കൈമുതലാക്കിയിരുന്നതിനാൽ ആണ് എന്ന് മുത്തഹിദ പറയുന്നു. 

മുസ്ലിം സമൂഹങ്ങളിലെ രാഷ്ട്രീയ സംവിധാനങ്ങളുടെ അന്ത്യത്തെക്കുറിച്ച് മുത്തഹിദ പറയുന്നെങ്കിലും, ഇത് എങ്ങനെ രൂപപ്പെട്ടുവെന്നോ അതിന്റെ കാരണങ്ങളോ, ഈ വിട്ടുനിൽക്കലിന്റെ രീതിയോ മുത്തഹിദ പഠനവിധേയമാക്കുന്നില്ല എന്ന് അഞ്ചും പറയുന്നു. മധ്യകാല മുസ്ലിം സമൂഹങ്ങളെക്കുറിച്ചുള്ള ഓറിയന്റലിസ്റ്റ് പഠനങ്ങളിൽ നില നിന്ന ശക്തമായ ധാരണയെയാണ് ഇവിടെ അൻജൂം ചോദ്യം ചെയ്യുന്നത്. മാതൃകാ ഖിലാഫത്ത് എന്ന ഒന്ന് ഇല്ലാതായപ്പോൾ, ജീവൻ നിലനിർത്താൻ ശവം തിന്നാം എന്ന തത്വം പോലെ, മധ്യകാല മുസ്ലിം സമൂഹം മാതൃകാ ഖിലാഫത്തിന്റെ വരവും കാത്ത് പരിമിതികൾക്കകത്ത് നിന്നു കൊണ്ട് താത്കാലികമായ ചില ക്രമീകരണങ്ങളുടെ ഒരു ജീവിതമാണ് നയിച്ചിരുന്നത് എന്ന വാദം പ്രബലമായിരുന്നു. അതേസമയം, മാതൃകകളും യാഥാർഥ്യങ്ങളും(Ideals and Reality) പ്രത്യേകമായൊരു ക്രമീകരണത്തിലൂടെയാണ് മുന്നോട്ട് പോയത് എന്ന് അൻജൂം പറയുന്നു. ഗവൺമെന്റിന്റെ അത്യാവശ്യം ഇല്ലാതെ തന്നെ ജീവിക്കാൻ പഠിച്ചു തുടങ്ങിയ ഇവർക്കിടയിൽ, പുതിയൊരു ജീവിതശൈലി രൂപപ്പെടുത്തുന്നതിന് ഒരു കൂട്ടം സാമൂഹിക സംവിധാനങ്ങൾ ഉയർന്നു വരികയും ഇത്തരം സംവിധാനങ്ങൾ പുതിയൊരു ജീവിത രീതിക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് അധികാരവും, അതിന്റെ സംവിധാനങ്ങളും ഇല്ലാതെ തന്നെ ഉലമാക്കൾക്ക് കീഴിൽ നിയമ ശിക്ഷണങ്ങളുമായി ഒരു സാമൂഹിക ജീവിതം ഉയർന്നു വരികയും ചെയ്തത് എന്ന തരത്തിലാണ് പല വിശകലനങ്ങളും. അതേസമയം, ഇതൊരു സാങ്കൽപിക മാതൃക അല്ലെങ്കിൽ വിഭാവന മാത്രമായിരുന്നു എന്നും, യഥാർത്ഥത്തിൽ ഉലമാക്കൾ ചരിത്രപരമായി അധികാര സംവിധാനങ്ങളുമായി പല തരത്തിൽ ഇടപഴകിയിട്ടുണ്ട് എന്നതുമാണ് കൂടുതൽ ശരി. അധികാരി വർഗങ്ങളുടെ സംരക്ഷകരോ, വിമർശകരോ, ഉപദേശകരോ, ചൂഷണത്തിന്റെ വാഹകരോ ഒക്കെ ആയി ഉലമാക്കൾ ഉണ്ടായിരുന്നു എന്ന് അൻജൂം പറയുന്നു.

ഖിലാഫത്തിനെ കുറിച്ചുള്ള ഈ രണ്ട് വിഭാവനകളും ഒരുമിച്ച് നിലനിന്നിരുന്നു. ഒന്നാമത്തേത്, ഖുർആനിലും സുന്നത്തിലും അധിഷ്ഠിതമായതും, ലോകവുമായി നിരന്തര സമ്പർക്കം ആവശ്യപ്പെടുന്നതുമാണെങ്കിൽ രണ്ടാമത്തേത് അധികാര ഘടനയോട് അകലം പാലിക്കുന്ന ഒന്നും. ആധുനികത വരെ ഈ രണ്ടു മാതൃകകളും വലിയ സംഘർഷങ്ങൾ ഇല്ലാതെ നിലനിൽക്കുകയും അതിൽ തന്നെ നിയമം,തീയോളജി, ആത്മീയത തുടങ്ങിയവ തുടരുകയും ചെയ്തു. പക്ഷെ, ആധുനികതയുടെ കടന്നു വരവ് പുതിയ സങ്കർഷങ്ങൾ ഈ രണ്ടു മാതൃകകൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഇവ രണ്ടിനുമിടയിലുള്ള സങ്കീർണമായ കൊടുക്കൽ വാങ്ങലുകളാണ് ഈ പഠനത്തിൽ അൻജൂം അന്വേഷിക്കുന്നത്. ക്ലാസിക്കൽ കാലഘട്ടത്തിൽ എങ്ങനെയാണ് രാഷ്ട്രീയ ഇടം പിൻവലിഞ്ഞത് എന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുമുണ്ട്. രണ്ടു ധാരകൾക്കുമിടയിൽ സമവായമുണ്ടാക്കിക്കൊണ്ടും, ക്ലാസിക്കൽ കാലത്തെ ചില രൂപീകരണങ്ങൾ വിമർശന വിധേയമാക്കുകയും തള്ളിക്കളയുകയും ചെയ്തു കൊണ്ടാണ് ആദ്യകാല മാതൃകാ ഇസ്ലാമിന്റെ വശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇബ്നു തൈമിയ്യ ശ്രമിച്ചത്. മധ്യകാലത്തിന്റെ അന്ത്യ ഘട്ടത്തിൽ മുസ്ലിം സമൂഹത്തിൽ രാഷ്ട്രീയത്തിന് പ്രാധാന്യമില്ലാതായി എന്ന വാദത്തെ അൻജൂം പ്രശ്നവത്കരിക്കുന്നു. രാഷ്ട്രീയ ചിന്തകളുടെ അന്ത്യം എന്ന നിലക്കല്ല, മറിച്ച് പുതിയ ചിന്തകളുടെ ആരംഭമായും ഒരു പുനരുജ്ജീവിപ്പിക്കലിന്റെ സമയം എന്ന നിലയിലുമാണ് പ്രസ്തുത കാലഘട്ടം മനസ്സിലാക്കപ്പെടേണ്ടത് എന്ന് അദ്ദേഹം പറയുന്നു.

ഇബ്നു തൈമിയ്യയുടെ രാഷ്ട്രീയം മനസ്സിലാക്കണമെങ്കിൽ, രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതു സങ്കൽപം വളരെ പ്രധാനമാണ്. രാഷ്ട്രീയമെന്നത് സ്വജന തത്പരതയും കപടമായ പ്രകടനാത്മകളുടെയും ഇടമെന്ന തരത്തിലല്ല, മറിച്ച്, സാമൂഹിക നന്മ ലക്‌ഷ്യം വെച്ചുള്ള കാഴ്ചപ്പാടുകളെയും അത്തരം സമൂഹത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളെയും ഉൾകൊള്ളുന്ന ഒന്നായി കണ്ടുകൊണ്ട് ഇബ്നു തൈമിയ്യ ഭാഗവാക്കാകുന്ന തർക്കങ്ങളുടെ, ചിന്തകളുടെ, രാഷ്ട്രീയ സംവാദങ്ങളുടെ പകർത്തിയെഴുത്താണ് ഈ പുസ്തകം. 

ഇസ്ലാമിക രാഷ്ട്രീയ ചിന്തയെ എവിടെ തിരയണം?

മുസ്ലിം സമൂഹങ്ങളെയും അവരുടെ സവിശേഷതകളെയും പഠനവിധേയമാക്കുന്ന രീതികളെക്കുറിച്ച് ചർച്ചകൾ അക്കാദമിക തലങ്ങളിൽ വളരെ സജീവമാണ്. ഇസ്ലാമിക രാഷ്ട്രീയ ചിന്തകളെക്കുറിച്ചുള്ള പഠനത്തിലും ഇത് വളരെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ, പാശ്ചാത്യൻ സങ്കൽപ്പങ്ങൾ അളവുകോലാക്കി മുസ്ലിം സമൂഹങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് തന്നെ പലപ്പോഴായി പ്രശ്നവൽക്കരിക്കപ്പെട്ടതാണ്. 

ഖിലാഫത്ത് വ്യവഹാരങ്ങളുമായി ബന്ധപ്പെടുത്തി സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു വാക്കാണ് “പൊളിറ്റിക്കൽ” എന്നത്. അതേസമയം, പൊളിറ്റിക്കൽ എന്നതിന് പൊളിസ് (Polis) എന്നതുമായുള്ള ബന്ധവും, പൊളിസ് എന്ന സങ്കൽപവും ഇസ്ലാമിക വ്യവഹാരങ്ങളിലെ ഉമ്മത്ത് എന്ന സങ്കൽപവും തമ്മിലുള്ള വലിയ അന്തരങ്ങളെയും കാണാതിരിക്കാൻ കഴിയില്ല. ആദ്യത്തേത് ഈ ഭൗതിക ലോക കേന്ദ്രീകൃതമായിരിക്കുമ്പോൾ രണ്ടാമത്തേത് ജീവിതത്തെ അനന്തമായും (eternal) ഈ ലോകത്തെ അടുത്ത ലോകത്തേക്കുള്ള ഒരു വഴി (mean) മാത്രമായും കാണുന്നു. അതുകൊണ്ടുതന്നെ, ഇത്തരമൊരു പഠനത്തെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ ചർച്ചക്കെടുക്കേണ്ട ചില പാശ്ചാത്യ ധാരണകളെ അഞ്ചും പരിചയപ്പെടുത്തുന്നുണ്ട്. രാഷ്ട്രമീമാംസ (Politics) ഏതൻസിൽ ജന്മമെടുത്തുവെന്നും ഇസ്ലാമിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒന്നാണ് എന്നും മതപരമായ ഒന്നിൽനിന്നും സ്വതന്ത്രമായിക്കൊണ്ടേ രാഷ്ട്രീയത്തിന് സാധ്യതയുള്ളൂ എന്നുമൊക്കെ പാശ്ചാത്യ അക്കാദമിക പഠനങ്ങളിൽ വാദിക്കുന്നുണ്ട്. “ദൈവം ഇടയനായി ഉള്ളയിടത്ത്‌ രാഷ്ട്രീയത്തിന് ഇടമില്ല” എന്ന ഷെൽഡൻ വൂളിന്റെ പ്രയോഗം കൃത്യമായി ആ ധാരണയെ വെളിവാക്കുന്നുണ്ട് എന്ന് അഞ്ചും പറയുന്നു.

രാഷ്ട്രീയ ചിന്തയും പ്രവർത്തനവും സാധ്യമാക്കുന്ന അടിസ്ഥാന ഘടകങ്ങൾ എന്തൊക്കെയാണ് എന്ന കാര്യം ചർച്ചക്കെടുക്കുമ്പോൾ പരിഗണിക്കേണ്ടുന്ന ഒരു പ്രധാന വശം ഗ്രന്ഥകാരൻ ചുണ്ടിക്കാണിക്കുന്നു. ഓരോ ചിന്താമണ്ഡലത്തിന്റെയും അടിസ്ഥാനപരമായ കടപ്പാടുകളുമായി ബന്ധപ്പെടുത്തിയാണ് എവിടെ രാഷ്ട്രീയ ചിന്തയെ തിരയണം എന്ന് തീരുമാനിക്കുന്നത്. അതോടൊപ്പം, മറ്റു ചിന്താമണ്ഡലങ്ങളുടെയോ പാരമ്പര്യങ്ങളുടെയോ അടിസ്ഥാനപരമായ കടപ്പാടുകൾ അളവുകോലാക്കി ഇസ്ലാമിക രാഷ്ട്രീയ ചിന്തയെ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത് ഒരു പ്രശ്നവുമാണ്. ഇസ്ലാമിക സന്ദർഭത്തിൽ/സാഹചര്യത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ രാഷ്ട്രീയ സങ്കൽപങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കാണാൻ കഴിയുന്ന സ്വാഭാവിക ഇടങ്ങൾ തീയോളജിയും  മത (കർമശാസ്ത്ര) നിയമങ്ങളുമാണ്. അതായത്, ഇസ്ലാമിക രാഷ്ട്രീയം എന്നത് “ഖിലാഫത്ത്” എന്ന ഒന്നിലേക്ക് ചുരുക്കി മനസ്സിലാക്കേണ്ട ഒന്നല്ല. മറിച്ച്, സമുദായം (Community/ أمة), യുക്തി (Reason/عقل), കർതൃത്വം (Agency/ قدرة) തുടങ്ങിയവയെല്ലാം ഇസ്ലാമിക വ്യവഹാരത്തെയും പാരമ്പര്യത്തെയും അതിനകത്ത് നിന്നു തന്നെ മനസ്സിലാക്കാൻ സഹായിക്കുന്ന സാങ്കേതിക ശബ്ദങ്ങൾ ആണ്. അതുകൊണ്ട് ഇസ്ലാമിക പാരമ്പര്യത്തെയും അതിന്റെ രാഷ്‌ടീയ ചിന്തയെയും മനസ്സിലാക്കാൻ സഹായകമല്ലാത്ത അതിനു യോജിക്കാത്ത സംവർഗങ്ങൾ (Categories) ഉപയോഗിച്ച് വിശകലനങ്ങൾ നടത്തരുത്. പ്രസ്തുത സമീപനരീതി ഇസ്ലാമിക തിയോളജി, ഉസൂലുൽ ഫിഖ്ഹ്, ഫിഖ്ഹ് തുടങ്ങിയവയിൽ മനുഷ്യ കർതൃത്വം (Human agency), യുക്തി (reason), സമുദായം (Community) തുടങ്ങിയവ എങ്ങനെയാണ് കൈകാര്യം ചെയ്യപ്പെട്ടത് എന്ന് അന്വേഷിക്കാൻ ഗ്രന്ഥകർത്താവിനെ പ്രേരിപ്പിക്കുന്നു. സാധാരണ ഇത്തരം പഠനങ്ങളിൽ പരിഗണിക്കാറുള്ളത് “സിയാസ”, “മുൽക്”, “ഖിലാഫത്ത്” തുടങ്ങിയ സംവർഗങ്ങളെയാണ്. അതിനാൽ അത്തരം പഠനങ്ങളിൽ നിന്നും വ്യതിരിക്തമായ ഒരു സമീപനമാണ് ഇവിടെ അഞ്ചും സ്വീകരിച്ചിട്ടുള്ളത്. 

(തുടരും)

സംക്ഷിപ്ത വിവർത്തനം : നസീഫ് എം.കെ. (IIT-Madras)

He can be contacted at naseefmk@ihyacollective.com

Your continued support breathes life into our mission of spreading the teachings of the holy Qur'an.